Month: ജൂൺ 2020

വീണ്ടും അടിക്കുക

2012 ല്‍ ഒരു അമേരിക്കന്‍ സംഗീത സംഘം ''ടെല്‍ യുവര്‍ ഹാര്‍ട്ട് ടു ബീറ്റ് എഗെയ്ന്‍'' എന്ന ഗാനം പുറത്തിറക്കി. ഒരു ഹാര്‍ട്ട് സര്‍ജന്റെ യഥാര്‍ത്ഥ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായിരുന്നു അത്. ഒരു രോഗിയുടെ ഹൃദയം ശരിയാക്കാനായ ്തു നീക്കം ചെയ്തതിനുശേഷം, ശസ്ത്രക്രിയാ വിദഗ്ധന്‍ അത് വീണ്ടും അവളുടെ നെഞ്ചില്‍ തുന്നിച്ചേര്‍ത്തശേഷം സൗമ്യമായി തടവാന്‍ തുടങ്ങി. എന്നാല്‍ ഹൃദയം ചലിച്ചില്ല. കൂടുതല്‍ തീവ്രമായ നടപടികള്‍ പിന്തുടര്‍ന്നു, പക്ഷേ ഹൃദയം ഇപ്പോഴും മിടിക്കുന്നില്ല. ഒടുവില്‍, ശസ്ത്രക്രിയാവിദഗ്ദ്ധന്‍ അബോധാവസ്ഥയിലായ രോഗിയുടെ അരികില്‍ മുട്ടുകുത്തി അവളോട് സംസാരിച്ചു: ''മിസ് ജോണ്‍സണ്‍,'' അദ്ദേഹം പറഞ്ഞു, ''ഇതു നിങ്ങളുടെ സര്‍ജനാണ്. ശസ്ത്രക്രിയ വിജയകരമായി നടന്നു. നിങ്ങളുടെ ഹൃദയം നന്നാക്കി. ഇപ്പോള്‍ വീണ്ടും മിടിക്കാന്‍ നിങ്ങളുടെ ഹൃദയത്തോട് പറയുക.' അവളുടെ ഹൃദയം മിടിക്കാന്‍ ആരംഭിച്ചു. .

എന്തെങ്കിലും ചെയ്യാന്‍ നമ്മുടെ ശാരീരിക ഹൃദയത്തോട് പറയാന്‍ കഴിയുമെന്ന ആശയം വിചിത്രമായി തോന്നാമെങ്കിലും അതിന് ആത്മീയ സമാനതകളുണ്ട്. ''എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളില്‍ ഞരങ്ങുന്നതെന്ത്?'' സങ്കീര്‍ത്തനക്കാരന്‍ തന്നോടുതന്നെ പറയുന്നു. ''ദൈവത്തില്‍ പ്രത്യാശ വെക്കുക'' (സങ്കീ. 42:5). മറ്റൊരാള്‍ പറയുന്നു, ' എന്റെ ആത്മാവേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്ക് ഉപകാരം ചെയ്തിരിക്കുന്നു'' (116: 7). യുദ്ധത്തില്‍ യിസ്രായേലിന്റെ ശത്രുക്കളെ തോല്‍പ്പിച്ച ശേഷം, ഒരു ന്യായാധിപയായ ദെബോര, യുദ്ധസമയത്ത് അവളും തന്റെ ഹൃദയത്തോട് സംസാരിച്ചതായി വെളിപ്പെടുത്തി. ''എന്‍മനമേ, നീ ബലത്തോടെ നടകൊള്ളുക,'' അവള്‍ പറഞ്ഞു, ''ശക്തയാകൂ!'' (ന്യായാധിപന്മാര്‍ 5:21), കാരണം യഹോവ വിജയം വാഗ്ദാനം ചെയ്തിരുന്നു (4:6-7).

കഴിവുള്ള നമ്മുടെ ശസ്ത്രക്രിയാവിദഗ്ദ്ധന്‍ നമ്മുടെ ഹൃദയത്തെ നന്നാക്കി (സങ്കീര്‍ത്തനം 103:3). അതിനാല്‍, ഭയം, വിഷാദം അല്ലെങ്കില്‍ കുറ്റാരോപണം എന്നിവ വരുമ്പോള്‍, നാമും നമ്മുടെ ആത്മാക്കളെ അഭിസംബോധന ചെയ്ത് ഇങ്ങനെ പറയണം: മുന്നോട്ടു പോകുക! ശക്തനായിരിക്കുക! ബലഹീന ഹൃദയമേ, വീണ്ടും മിടിക്കുക!

ആഴത്തില്‍ വേരൂന്നിയ വിശ്വാസം

500 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള നിരവധി വലിയ മരങ്ങളുണ്ട്. അവയുടെ മികച്ച കാലഘട്ടത്തില്‍, വളഞ്ഞുപിരിഞ്ഞ ശാഖകള്‍ ഉയരത്തിലും വിസ്തൃതിയിലും വ്യാപ്തിയിലും വ്യാപിക്കുന്നു. തണുത്ത കാറ്റ് അവയുടെ പച്ച ഇലകളില്‍ അടിക്കുകയും കാറ്റു വീശുമ്പോള്‍ ഇലകള്‍ക്കിടയിലുണ്ടാകുന്ന വിടവുകളിലൂടെ സൂര്യപ്രകാശം ഭൂമിയില്‍ പതിക്കുന്നു.അവരുടെ മേലാപ്പിന് താഴെയുള്ള നിഴലില്‍ പ്രകാശം നൃത്തം വയ്ക്കുന്നു. എന്നാല്‍ ഭൂമിയുടെ ഉപരിതലത്തിനടിയിലാണ് അവയുടെ യഥാര്‍ത്ഥ മഹത്വം - അവയുടെ വേരുപടലം. വൃക്ഷത്തിന്റെ തായ്‌വേര് ലംബമായി വളര്‍ന്ന് പോഷണങ്ങളുടെ വിശ്വസനീയമായ വിതരണം ഉറപ്പാക്കുന്നു. ആ പ്രധാന വേരില്‍ നിന്ന്, വേരുകള്‍ തിരശ്ചീനമായി പരന്ന് വൃക്ഷത്തിന് ജീവിതകാലം മുഴുവന്‍ ഈര്‍പ്പവും പോഷകങ്ങളും നല്‍കുന്നു. സങ്കീര്‍ണ്ണമായ ഈ വേരുപടലം പലപ്പോഴും വൃക്ഷത്തേക്കാള്‍ വളരെ വലുതായി വളരുകയും ഒരു ജീവന്‍രക്ഷാ ചാലകമായും തായ്ത്തടിയെ സ്ഥിരമായി നിര്‍ത്തുന്നതിനുള്ള നങ്കൂരമായും വര്‍ത്തിക്കുന്നു.

ഈ കരുത്തുറ്റ വൃക്ഷങ്ങളെപ്പോലെ, നമുക്കു ജീവന്‍ നല്‍കുന്ന വളര്‍ച്ചയുടെ ഭൂരിഭാഗവും ഉപരിതലത്തിനടിയിലാണ്. വിതെക്കുന്നവന്റെ ഉപമ യേശു ശിഷ്യന്മാര്‍ക്ക് വിശദീകരിച്ചപ്പോള്‍, പിതാവിനോടൊപ്പമുള്ള വ്യക്തിബന്ധത്തില്‍ ഉറച്ചുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം അവന്‍ ഊന്നിപ്പറഞ്ഞു. തിരുവെഴുത്തുകളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നതുപോലെ നാം ദൈവത്തെക്കുറിച്ചുള്ള അറിവില്‍ വളരുമ്പോള്‍ നമ്മുടെ വിശ്വാസ വേരുകള്‍ അവന്റെ ആത്മാവിനാല്‍ നിലനിര്‍ത്തപ്പെടുന്നു. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍, പരീക്ഷകള്‍, പീഡനങ്ങള്‍, ഉത്കണ്ഠകള്‍ എന്നിവയിലൂടെ അഭിവൃദ്ധി പ്രാപിക്കാന്‍ ദൈവം തന്റെ അനുഗാമികളെ സഹായിക്കുന്നു (മത്തായി 13:18-23).

നമ്മുടെ സ്‌നേഹനിധിയായ പിതാവ് തന്റെ വചനത്താല്‍ നമ്മുടെ ഹൃദയങ്ങളെ പോഷിപ്പിക്കുന്നു. അവിടുത്തെ ആത്മാവ് നമ്മുടെ സ്വഭാവത്തെ രൂപാന്തരപ്പെടുത്തുമ്പോള്‍, നമ്മുടെ ആഴത്തില്‍ വേരൂന്നിയ വിശ്വാസത്തിന്റെ ഫലം നമുക്ക് ചുറ്റുമുള്ള ആളുകള്‍ക്ക് വ്യക്തമാകുമെന്ന് അവന്‍ ഉറപ്പാക്കുന്നു.

കടം മായ്ക്കുന്നവന്‍

ഒരു അമേരിക്കന്‍ സര്‍വകലാശാലയില്‍ 2019 ല്‍ നടന്ന ഒരു ബിരുദദാനച്ചടങ്ങില്‍ കാണികളുടെ പ്രതികരണം വിവരിക്കുന്ന ഒറ്റ് വാക്ക് സ്തബ്ധരാകുക എന്നതായിരുന്നു. മുഴുവന്‍ ബിരുദ വിദ്യാര്‍ത്ഥികളുടെയും കടം വീട്ടാന്‍ താനും കുടുംബവും ദശലക്ഷക്കണക്കിന് ഡോളര്‍ സംഭാവന ചെയ്യുന്നുന്ന് പ്രാരംഭ പ്രഭാഷകന്‍ പ്രഖ്യാപിച്ചു. കണ്ണുനീരോടും ആര്‍പ്പോടും കൂടെ സന്തോഷം പ്രകടിപ്പിച്ചവരില്‍ ഒരുവിദ്യാര്‍ത്ഥിയും - അവന്റെ കടം 100,000 ഡോളര്‍ (72 ലക്ഷം രൂപ) ആയിരുന്നു - ഉണ്ടായിരുന്നു.

നമ്മില്‍ മിക്കവരും ഏതെങ്കിലും രൂപത്തില്‍ കടബാധ്യത അനുഭവിച്ചിട്ടുണ്ട് - വീടുകള്‍, വാഹനങ്ങള്‍, വിദ്യാഭ്യാസം, ചികിത്സാ ചെലവുകള്‍ അല്ലെങ്കില്‍ മറ്റ് കാര്യങ്ങള്‍ക്കായി പണം കടപ്പെട്ടിട്ടുള്ളവര്‍. ''പെയ്ഡ്'' സ്റ്റാമ്പ് ചെയ്ത ബില്ലിന്റെ അതിശയകരമായ ആശ്വാസവും നമുക്കറിയാം!

യേശുവിനെ ''വിശ്വസ്തസാക്ഷിയും മരിച്ചവരില്‍ ആദ്യജാതനും ഭൂരാജാക്കന്‍മാര്‍ക്ക് അധിപതിയും'' എന്നിങ്ങനെ പ്രഖ്യാപിച്ചശേഷം, യോഹന്നാന്‍ തന്റെ കടം മായ്ക്കുന്ന പ്രവൃത്തിയെ ആരാധനാപൂര്‍വ്വം അംഗീകരിച്ചു: ''നമ്മെ സ്‌നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താല്‍ വിടുവിച്ചവനും' (വെളിപ്പാട് 1:5). ഈ പ്രസ്താവന ലളിതമാണെങ്കിലും അതിന്റെ അര്‍ത്ഥം അഗാധമാണ്. മോര്‍ഹൗസ് ബിരുദ ക്ലാസ് കേട്ട ആശ്ചര്യകരമായ പ്രഖ്യാപനത്തേക്കാള്‍ മികച്ചതാണ് യേശുവിന്റെ മരണം (അവന്റെ ക്രൂശിലെ രക്തച്ചൊരിച്ചില്‍) നമ്മുടെ പാപപരമായ മനോഭാവങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്ന് നമ്മെ സ്വതന്ത്രമാക്കുന്നു എന്നത്. ആ കടം കൊടുത്തു തീര്‍ത്തതിനാല്‍, യേശുവില്‍ വിശ്വസിക്കുന്നവര്‍ ക്ഷമിക്കപ്പെടുകയും ദൈവരാജ്യ കുടുംബത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു (വാ. 6). ഈ സന്തോഷവാര്‍ത്ത എല്ലാറ്റിനെക്കാളും മികച്ച വാര്‍ത്തയാണ്!

നമ്മെത്തന്നെ കുറച്ചുകാണുക

ചെറുപ്പക്കാരന്‍ ടീമിന്റെ ക്യാപ്റ്റനായി. പ്രൊഫഷണല്‍ സ്പോര്‍ട്സ് സ്‌ക്വാഡിനെ ഇപ്പോള്‍ നയിക്കുന്നത് മീശപോലും മുളയ്ക്കാത്ത സൗമ്യനായ ഒരു കുട്ടിയായിരുന്നു . അദ്ദേഹത്തിന്റെ ആദ്യത്തെ പത്രസമ്മേളനം നിരാശപ്പെടുത്തുന്നതായിരുന്നു. പരിശീലകന്റെയും ടീമംഗങ്ങളുടെയും അഭിപ്രായങ്ങള്‍ക്ക് അയാള്‍ വഴങ്ങിക്കൊടുക്കുകയും താന്‍ തന്റെ ജോലി ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നതിനെക്കുറിച്ച് ആവര്‍ത്തനവിരസമായ തമാശകള്‍ പുലമ്പുകയും ചെയ്തു. ആ സീസണില്‍ ടീം മോശം പ്രകടനം നടത്തുകയും അതിന്റെ അവസാനം യുവക്യാപ്റ്റന്റെ സ്ഥാനം തെറിക്കുകയും ചെയ്തു. നയിക്കാനുള്ള അധികാരം തന്നെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് അയാള്‍ മനസ്സിലാക്കിയില്ല, അല്ലെങ്കില്‍ ഒരുപക്ഷേ തനിക്കതിനു കഴിയുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല.

പരാജയങ്ങള്‍ നിമിത്തം ശൗല്‍ ''സ്വന്തകാഴ്ചയില്‍ ചെറിയവനായിരുന്നു'' (1 ശമൂവേല്‍ 15:17) - എല്ലാവരിലും ഉയരം കൂടിയവനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരാളെക്കുറിച്ച് ഇങ്ങനെ പറയുന്നത് തമാശയാണ്. അവന്‍ എല്ലാവരെക്കാളും തോള്‍മുതല്‍ പൊക്കമേറിയവന്‍ ആയിരുന്നു (9: 2). എന്നിട്ടും അങ്ങനെയല്ല അവന്‍ സ്വയം കണ്ടത്. വാസ്തവത്തില്‍, ഈ അധ്യായത്തിലെ അവന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ അംഗീകാരം നേടാനുള്ള ശ്രമങ്ങളായിട്ടാണ് വെളിപ്പെടുന്നത്. ദൈവമാണ് ആളുകളല്ല തന്നെ തിരഞ്ഞെടുക്കുകയും ഒരു ദൗത്യംഏല്പിക്കുകയും ചെയ്തതെന്ന് അവന്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയിരുന്നില്ല.

എന്നാല്‍ ശൗലിന്റെ തെറ്റ് ഓരോ മനുഷ്യന്റെയും പരാജയത്തിന്റെ ഒരു ചിത്രമാണ്: ദൈവത്തിന്റെ ഭരണം പ്രതിഫലിപ്പിക്കുന്നതിനാണ് നാം ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടുവെന്നത് നാം വിസ്മരിച്ചിട്ട് നമ്മുടെ അധികാരം ദുരുപയോഗം ചെയ്യുന്നതില്‍ നാം എത്തിച്ചേരുകയും ലോകത്തില്‍ നാശം വ്യാപിപ്പിക്കുകയും ചെയ്‌തേക്കാം. ഇത് പഴയപടിയാക്കാന്‍, നാം ദൈവത്തിലേക്ക് മടങ്ങേണ്ടതുണ്ട് - പിതാവ് തന്റെ സ്‌നേഹത്താല്‍ നമ്മെ നിര്‍വചിക്കുന്നതിനും ആത്മാവിനാല്‍ നമ്മെ നിറയ്ക്കാനും, യേശു നമ്മെ ലോകത്തിലേക്ക് അയയ്ക്കാനും അനുവദിക്കുക.

നിത്യമായ കണ്ണുകള്‍

നിത്യമായ കണ്ണുകള്‍, അതാണ് എന്റെ സുഹൃത്ത് മരിയ തന്റെ മക്കള്‍ക്കുും പേരക്കുട്ടികള്‍ക്കും ഉണ്ടാകണമെന്നു പ്രാര്‍ത്ഥിക്കുന്നത്. മകളുടെ മരണത്തോടെ അവസാനിച്ച പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെ അവളുടെ കുടുംബം കടന്നുപോയി. ഈ ഭയാനകമായ നഷ്ടത്തില്‍ കുടുംബം ദുഃഖിക്കുമ്പോള്‍, അവര്‍ക്ക് - ഈ ലോകത്തിന്റെ വേദനയാല്‍ ദഹിപ്പിക്കപ്പെടുന്ന - സമീപകാഴ്ച എറ്റവും കുറവായിരിക്കാന്‍ മരിയ ആഗ്രഹിക്കുന്നു. പകരം അവര്‍ കൂടുതല്‍ കൂടുതല്‍ ദൂരക്കാഴ്ചയുള്ളവരായിരിക്കാന്‍ - നമ്മുടെ സ്‌നേഹനിധിയായ ദൈവത്തിലുള്ള പ്രത്യാശയാല്‍ നിറഞ്ഞിരിക്കുവാന്‍ - ആഗ്രഹിക്കുന്നു.

അപ്പൊസ്തലനായ പൗലൊസും സഹപ്രവര്‍ത്തകരും ഉപദ്രവികളുടെ കയ്യില്‍ നിന്നും അവരുടെ പ്രവര്‍ത്തനങ്ങളെ കുറച്ചുകാണിക്കാന്‍ ശ്രമിച്ച വിശ്വാസികളില്‍ നിന്നും വലിയ കഷ്ടപ്പാടുകള്‍ അനുഭവിച്ചു. എന്നിട്ടും, അവരുടെ കണ്ണുകള്‍ നിത്യതയില്‍ ഉറപ്പിച്ചു. പൗലൊസ് ധൈര്യത്തോടെ സമ്മതിച്ചു, ''കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താല്ക്കാലികം, കാണാത്തതോ നിത്യം'' (2 കൊരിന്ത്യര്‍ 4:18).

അവര്‍ ദൈവത്തിന്റെ വേല ചെയ്യുന്നുണ്ടെങ്കിലും, ''സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍,'' ''ബുദ്ധിമുട്ടുന്നവര്‍,'' ''ഉപദ്രവം അനുഭവിക്കുന്നവര്‍,'' ''വീണുകിടക്കുന്നവര്‍'' (വാ. 8-9) എന്നീ നിലകളിലാണ് അവര്‍ ജീവിച്ചത്. ഈ കഷ്ടങ്ങളില്‍ നിന്ന് ദൈവം അവരെ വിടുവിക്കേണ്ടതല്ലേ? എന്നാല്‍ നിരാശപ്പെടുന്നതിനു പകരം, താല്‍ക്കാലിക പ്രശ്നങ്ങളെ മറികടക്കുന്ന ''തേജസ്സിന്റെ
നിത്യഘന''ത്തില്‍ പൗലൊസ് പ്രത്യാശ പ്രകടിപ്പിച്ചു (വാ. 17). ദൈവത്തിന്റെ ശക്തി തന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ''കര്‍ത്താവായ യേശുവിനെ ഉയര്‍പ്പിച്ചവന്‍ ഞങ്ങളെയും യേശുവോടു കൂടെ ഉയര്‍പ്പിക്കും'' (വാ. 14) എന്നുമുള്ള ഉറപ്പ് അവനുണ്ടായിരുന്നു.

നമുക്ക് ചുറ്റുമുള്ള നമ്മുടെ ലോകം ഇളകിയതായി തോന്നുമ്പോള്‍, നമുക്കു ഒരിക്കലും നശിച്ചുപോകാാത്ത നിത്യമായ പാറയായ ദൈവത്തിലേക്ക് നമ്മുടെ കണ്ണുകളെ തിരിക്കാം.